കൊല്ലം: സുരക്ഷാ മാനദണ്ഡം പാലിക്കാതെ റെയിൽവേ സ്റ്റേഷനിലെ പുതിയ കെട്ടിട നിർമാണത്തിനിടെ പ്ലാറ്റ്ഫോമിൽ അപകടം. കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് കമ്പി തലയിൽ വീണ് രണ്ട് യാത്രക്കാർക്കാണ് പരിക്കേറ്റത്. നീരാവിൽ മേലെ പുത്തൻവീട്ടിൽ സുധീഷ് (40), തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയും മൈനാഗപ്പള്ളി കടപ്പയിൽ എൽവിഎച്ച്എസ് അധ്യാപികയുമായ ആശാലത (52) എന്നിവർക്കാണ് പരിക്ക് പറ്റിയത്.
നാലുനില കെട്ടിടത്തിന്റെ മുകളിൽനിന്ന് നീളമുള്ള കമ്പി താഴേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ രണ്ടു പേരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9.50ന് ചെന്നൈ മെയിലിൽ വന്ന യാത്രക്കാർ പുറത്തിറങ്ങി നടന്നു പോകുമ്പോൾ അവർക്കുമേൽ കമ്പികൾ വീഴുകയായിരുന്നു. യാത്രക്കാരുടെ നിലവിളി കേട്ട പാർക്കിംഗിലെ ഓട്ടോ ഡ്രൈവർമാരാണ് ഉടൻ രക്ഷാപ്രവർത്തനത്തിനെത്തിയത്.
സുരക്ഷാ മാനദണ്ഡം പാലിക്കാതെയുള്ള നിർമാണമാണ് അപകട കാരണമെന്നാണ് ആരോപണം. വല കെട്ടാതെ ആയിരുന്നു നിർമാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. പരിക്കേറ്റ സുധീഷിനെയും ആശാലതയെയും ഉടൻ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു കമ്പികളാണ് താഴേക്കു വീണത്. രണ്ടുപേരുടെയും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി ജില്ലാ ആശുപത്രി അധികൃതര്‍ പറഞ്ഞു. ആശാലതയുടെ തലയില്‍നിന്ന് രക്തം വാര്‍ന്നൊഴുകുന്ന നിലയിലാണ് ആശുപത്രിയിൽ എത്തിച്ചത്.